പുറവൂർ ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം

About us

ക്ഷേത്രത്തെക്കുറിച്ച്

ശാലീനവും പ്രകൃതി സൗന്ദര്യം നിറഞ്ഞതുമായ ഒരു ഗ്രാമപ്രദേശമാണ് പുറവൂർ. ഈ ഗ്രാമത്തിന്റെ ആത്മീയ അഭിമാനമായി തലയുയർത്തി നിലകൊള്ളുന്ന മഹാക്ഷേത്രമാണ് ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം.

കണ്ണൂർ–മൈസൂർ റോഡിലൂടെ കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ ദൂരത്തിൽ കുടുക്കിമെട്ട എന്ന സ്ഥലത്തെത്താം. അവിടെ നിന്ന് വടക്കോട്ട് പോകുന്ന മയ്യിൽ റോഡിലൂടെ ഏകദേശം 1 കിലോമീറ്റർ സഞ്ചരിച്ചാൽ പുറവൂർ ഗ്രാമത്തിലെ ഈ ക്ഷേത്രം റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് കാണാം.

പ്രകൃതിയുടെ സാന്നിധ്യത്തോടൊപ്പം ഭക്തിപാരവശ്യം നിറഞ്ഞ ഈ ക്ഷേത്രം അനേകം ഭക്തജനങ്ങളുടെ ആത്മീയ ആശ്രയ കേന്ദ്രമാണ്.

ക്ഷേത്രത്തിന്റെ ചരിത്രം

പ്രാചീനകാലത്ത് പുറവൂർ പ്രദേശം ഒരു ബ്രാഹ്മണ സങ്കേതം ആയിരുന്നു. അന്നത്തെ കാലത്ത് നിരവധി ക്ഷേത്രങ്ങൾ ഇവിടെ നിലനിന്നിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമായിരുന്നു ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം.

ഈ ക്ഷേത്രം അന്നത്തെ കാലത്ത് പന്ത്രണ്ട് ഇല്ലക്കാരുടെ പരിപാലനത്തിലായിരുന്നു.

കാലക്രമേണ സാമൂഹിക മാറ്റങ്ങളും കാലഗതിയും കാരണം ബ്രാഹ്മണ കുടുംബങ്ങൾ പലരും നാടുവിട്ടുപോയി. ഇല്ലങ്ങളും ക്ഷേത്രങ്ങളും ക്രമേണ നശിച്ചു. ക്ഷേത്രങ്ങൾ മണ്ണടിഞ്ഞു പോയി.

ശേഷം അവിടെ ഒരു മൺകൂനയും, ചില കിണറുകളുടെ അവശിഷ്ടങ്ങളും, ചുള്ളിക്കാടും മാത്രമാണ് ശേഷിച്ചത്. ഈ പ്രദേശം പിന്നീട് മോലോത്തുംകാട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

ക്ഷേത്രത്തിന്റെ പുനരാവിഷ്കാരം

ക്ഷേത്രത്തിന്റെ ചരിത്രസത്യങ്ങൾ കണ്ടെത്താൻ ഭക്തജനങ്ങൾ ചേർന്ന് 1984 ഒക്ടോബർ 6-ാം തീയതി സ്വർണ്ണ പ്രശ്നം (ദേവപ്രശ്നം) നടത്തി.

പ്രശ്നചിന്ത നടത്തിയവർ:

  • തളിപ്പറമ്പ് കരുണാകരൻ ജ്യോത്സ്യർ

  • പാടിയില്ലത്ത് കേശവൻ നമ്പൂതിരി

ഈ ദേവപ്രശ്നത്തിലൂടെ ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് ഈ ക്ഷേത്രം നിലനിന്നിരുന്നു എന്ന് വ്യക്തമായി.

അതിനുശേഷം ഭക്തജനങ്ങളും യുവാക്കളും ചേർന്ന് മോലോത്തുംകാട്ടിലെ മുൾപടർപ്പുകൾ നീക്കം ചെയ്ത് സന്ധ്യാനാമസങ്കീർത്തനം ആരംഭിച്ചു.

വിഗ്രഹങ്ങളുടെ കണ്ടെത്തൽ

ദേവപ്രശ്നത്തിലൂടെ ലക്ഷ്മി നരസിംഹ സ്വാമി, ഗണപതി, വനശാസ്താവ്, ഭദ്രകാളി എന്നിവരുടെ സാന്നിധ്യം ഇവിടെ ഉണ്ടെന്ന് കണ്ടെത്തി.

വിഗ്രഹങ്ങൾ സമീപത്തുള്ള മണിക്കിണറിൽ കണ്ടെത്താമെന്ന് പ്രവചിച്ചു.

കിണർ വൃത്തിയാക്കിയപ്പോൾ കണ്ടെത്തിയ വിഗ്രഹങ്ങൾ:

  • ശ്രീ ലക്ഷ്മി നരസിംഹ സ്വാമി

  • ഗണപതി

  • വനശാസ്താവ്

ഈ വിഗ്രഹങ്ങൾ ബ്രഹ്മശ്രീ വേഴപ്പറമ്പ് പരമേശ്വരൻ തിരുമേനി പരിശോധിച്ച് സ്ഥിരീകരിച്ചു.

തുടർന്ന് കാട്ടുമാടം തന്ത്രിമാർ ബാലാലയ പ്രതിഷ്ഠ നടത്തി പൂജകളും ആരാധനകളും ആരംഭിച്ചു.

ക്ഷേത്ര പുനർനിർമ്മാണം

ക്ഷേത്രത്തിന്റെ പുനർനിർമ്മാണം കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ പ്ലാൻ അനുസരിച്ച് ആരംഭിച്ചു.

നിർമാണ മേൽനോട്ടം വഹിച്ചു:

ശ്രീ പി. ചന്തുമണിയാണി (ക്ഷേത്ര ശില്പി)

1985 മാർച്ച് 18-ന്
ശ്രീ കുറുമാത്തൂർ നാരായണൻ നമ്പൂതിരിപ്പാട് മുഹൂർത്തക്കല്ലിട്ടു.

ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്ര നിർമ്മാണ പ്രവർത്തനം മുന്നേറി.

കുന്നിരിക്ക അകത്തൂട്ടില്ലം വാസുദേവൻ നമ്പൂതിരി.

മേൽശാന്തി.

ബ്രഹ്മശ്രീ കാട്ടുമാടം ഇള യിടത്ത് മഠത്തിൽ ഈശാനൻ നമ്പൂതിരിപ്പാട്.

തന്ത്രി.

ബ്ബ്രഹ്മശ്രീ കുറുമാത്തൂർ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്

ഊരാളൻ